തീവണ്ടി: എറണാകുളം – നിലംമ്പൂർ പാസ്സഞ്ചർ

തീവണ്ടിയിൽ നിലംമ്പൂരിലേക്കുള്ള യാത്ര മനോഹരമാണെന്നു പലരിൽ നിന്നും കേട്ടിരുന്നു. മഴക്കാലം വരാൻ നോക്കിയിരുന്നു. മഴ തുടങ്ങിയാൽ യാത്രകൾ പോകാൻ ഉത്സാഹം കൂടും. കുച്ചു കുച്ചു ശബ്ദത്തിനൊപ്പം മഴയും. കുട്ടിക്കാലത്തെ തീവണ്ടി കൗതുകത്തിനു കുറവ് ഒട്ടും വന്നിട്ടില്ല. തൊടുപുഴയിൽ തീവണ്ടി ഇല്ലാത്തത് കൊണ്ട് യാത്രകളിൽ ബസ് ആണ് കൂട്ട്.
ആലുവയിൽ നിന്നും രാവിലെ 8 മണിക്കാണ് നിലമ്പൂർ പാസഞ്ചർ. ആനവണ്ടി വെബ് സൈറ്റ് നോക്കിയപ്പോൾ തൊടുപുഴ നിന്ന് അഹ് സമയത്ത് ആലുവ എത്തുന്ന ബസ് ഇല്ല. ഇത്തിരി നേരത്തെ ഇറങ്ങി പെരുമ്പാവൂർ എത്തിയാൽ ഇഷ്ടം പോലെ ആലുവ ബസ് ഉണ്ടാവും. വീട്ടിൽ നിന്ന് തൊടുപുഴ ടൗണിലേക് 8 കിലോമീറ്റർ. നാഷണൽ ഹൈവേ പണി പുരോഗമനത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് മലകൾ മഴയിൽ ചതുപ്പുകുളങ്ങളായി. വൈകുന്നേരം അവിടെയൊരു ബസ് താണ് പോയിരുന്നു. ടൗണ്ലേക് അതിരാവിലെ വരാൻ ഓട്ടോക്കാർ ആരും തയ്യാറായില്ല. അനിയൻ അതിഭീകര ഗൗരവം കൂടെ മൗനവും. എന്തായാലും രാവിലെ എണീറ്റ് റെഡി ആയി. 4.30 ക്ക്‌ ഇറങ്ങി കാറിൽ തൊടുപുഴ പോവാതെ വേറേതോ ഇടവഴികൾ വഴി നേരെ മുവാറ്റുപുഴ കൊണ്ടുവിട്ടു തന്നു.
ഒന്നു രണ്ട് ഏർണാകുളം സൂപ്പർ ഫാസ്റ്റ് ബസുകൾ പാഞ്ഞു പോയി. കോട്ടയം ഭാഗത്തേയ്ക്ക് കുറെ ബസുകൾ വന്നു പോയി. തൃശൂർ ഭാഗത്തേയ്ക് മാത്രം ഒന്നും വരുന്നില്ല. അവിടെ നിൽക്കുന്ന മിക്കവാറും ആളുകൾ വടക്കോട്ടുള്ള ബസ് പിടിക്കാൻ ആയിരുന്നു. 5.30 ആയപ്പോൾ പാലക്കാട്_ചിറ്റൂർ ബസ് വന്നു. ജനക്കൂട്ടം ബസിനെ ആക്രമിച്ചു. ഞാൻ മാറി നിന്നു, ലേഡീസ് സീറ്റ് ആർക്കും കൊണ്ടുപോകാൻ പറ്റില്ലലോ. ഏറ്റോം അവസാനം ഞാൻ കേറി, എനിക്കായി ഒഴിച്ചിട്ടതുപോലെ അവിടെ ആകെയൊരു സീറ്റ് ഉണ്ടായൊള്ളു, അതിൽ പോയി ഇരുന്നു. പെരുമ്പാവൂർക്ക് ടിക്കറ്റ് എടുത്തു.
30 മിനിറ്റുകൾ…
പെരുമ്പാവൂർ സ്റ്റാന്റ്റിലേക്ക് ബസ് കയറിയതും അവിടെ നിന്നൊരു ആലുവ ബസ് ഇറങ്ങിപ്പോയതും ഒരുമിച്ച്. സമയം 6 മണി. നേരത്തെ ആയിപ്പോയി. പതുക്കെ ഇറങ്ങി ആലുവ ബസ് നിർത്തുന്ന അവിടെ നോക്കിയപ്പോ ഒരു ബസ് കിടപ്പുണ്ട്. അതിൽ ആരുമില്ല. കുറെ ആളുകൾ നിൽക്കുന്നുണ്ട് ആരും കേറുന്നില്ല. ബസിൽ കേറി ഇരുന്നു. അപ്പോ ദേ ആലുവ വഴിയുള്ള ഒരു എറണാകുളം ഫാസ്റ് ഓടിപാഞ്ഞു വന്നു നിന്നു. അവിടെ നിന്നിരുന്ന എല്ലാരും ഓടിപ്പോയി കേറി. ഇഷ്ടം പോലെ സമയമുണ്ടല്ലോ, പയ്യെ പോയാൽ മതി, ബസിൽ ഒറ്റയ്ക് കുറെ നേരം ഇരുന്നു. കുറച്ചാളുകൾ കേറി. പിന്നാലെ കണ്ടക്ടർ വന്നു, ഒന്നു പാർത്ഥിച്ചു, ടിക്കറ്റ് കൊടുത്തു തുടങ്ങി. ആലുവ ടിക്കറ്റ് എടുത്തു. ഇത്തിരി കഴിഞ്ഞപ്പോൾ ബസ് അനങ്ങിത്തുടങ്ങി. ആലുവയിൽ ഇറങ്ങുമ്പോൾ മഴ ചാറുന്നുണ്ട്.
റോഡ് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷൻ എത്തി. ആദ്യയിട്ടാ ഒറ്റയ്ക്, അതിന്റെ അങ്കലാപ്പ്. ടിക്കറ്റ് എടുക്കാൻ വരെ ചോദിച്ചു പഠിച്ചിട്ടാ പോയത് എന്നിട്ടും! ടിക്കറ്റ് എടുത്തു പ്ലാറ്റ്ഫോം നോക്കി വെച്ചു. 6.45 ആയിട്ടേയുള്ളൂ. വിശക്കുന്നു! അതങ്ങനെയാ നേരത്തെ എണീറ്റാൽ നേരത്തെ വിശക്കും. ഹൈഡ് ആൻഡ് സീക്കും ചോക്ലേറ്റ്സും വാങ്ങി ബാഗിൽ ഇട്ടു. ഓരോ ട്രെയിൻ വരുന്നു. പല നിറങ്ങളിൽ ഉള്ള ട്രെയിൻ. ഓരോരോ പേരുകൾ. വല്യ പിടിപാടില്ല. പയ്യെ പഠിക്കണം. ആളുകൾ പോകുന്നതും വരുന്നതും നോക്കി സമയം കളഞ്ഞു.
നിലമ്പൂർ പാസ്സഞ്ചർ എത്തുന്നു. അന്നൗൻസ്മെന്റ് ഒക്കെ ശ്രെദ്ധിച്ചാ ഇരുന്നിരുന്നത്. ട്രെയിൻ വന്നു. അധികം തിരക്ക് ഇല്ല. അവിടിവിടായി സീറ്റുകൾ ഉണ്ട്. ഡോർ അടുത്തു വരും വിധം സീറ്റ് കണ്ടുപിടിച്ചു. കുച്ചു കുച്ചു ശബ്ദം കേട്ട് ഇരുന്നു. ആലുവ പുഴ എത്തിയപ്പോൾ നെഞ്ചിലൊരു ഇത്‌. എന്നാലും താഴേക്ക് നോക്കി, നോക്കുംതോറും പേടി കൂടി. പിന്നേം പിന്നേം നോക്കി പേടി കൂട്ടി. നെടുമ്പാശ്ശേരി എയർപോർട്ട് വന്നപ്പോൾ നിരന്നു കിടക്കുന്ന വിമാനങ്ങൾ കണ്ടു. നേരെ ഇരുന്നയാൾ എണീറ്റപ്പോൾ ജനാലക്കടുത്തുള്ള സീറ്റിലേയ്ക് മാറി ഇരുന്നു. മഴ പെയ്യാൻ തുടങ്ങി. ആഹ്ലാദം!
ന൧
യാത്രക്കാർ മിക്കവാറും ഓഫീസിൽ പോകുന്നവർ. തൃശൂർ എത്തിയപ്പോൾ വണ്ടിയിൽ വളരെ കുറച്ചുപേർ മാത്രം അവശേഷിച്ചു. അടുത്തിരുന്നവർ ഒക്കെ ഇറങ്ങിപ്പോയി. 9.30 കഴിഞ്ഞു. നല്ല വിശപ്പ്, ഇഡലിയും വടയും വാങ്ങി. ബാഗ് പേഴ്‌സ് മൊബൈൽ എല്ലാം സീറ്റിൽ വലിച്ചെറിഞ്ഞപോലെ ഇട്ട് ഇഡലി പ്ളേറ്റു പിടിച്ച് ചമ്രം പടിഞ്ഞിരുന്നു. കാഴ്ച കണ്ട് ആസ്വദിച്ച് ഇഡലി കഴിച്ചു. പാടോം പറമ്പും ചെറിയ പുഴകളും കടന്ന് പോയികൊണ്ടേ ഇരുന്നു. 10.30 കഴിഞ്ഞപ്പോ ഷൊർണ്ണൂർ എത്തി. അവിടെ കുറെ നേരം നിർത്തിയിട്ടു വണ്ടി. ഇറങ്ങിപ്പോയി വട വാങ്ങിച്ചു. രണ്ടോ മൂന്നോ ആളുകൾ മാത്രമായി കംപാർട്മെന്റിൽ.
ഷൊർണ്ണൂർ കഴിഞ്ഞാൽ പിന്നെ ചെറിയ ചെറിയ സ്റ്റേഷനുകൾ. കെട്ടിടങ്ങളുടെ ആർഭാടങ്ങൾ കുറഞ്ഞ സ്റ്റേഷനുകൾ. വഴിയരുകിൽ ഒന്നര നില വീടുകൾ, ഒരു നിലയും മച്ചും ഉള്ള ഓടിട്ട തറവാട് വീടുകൾ കാണാം.
മുന്നോട്ട് പോകുംതോറും പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു നിൽക്കുന്ന സ്റ്റേഷനുകൾ, രണ്ടു വശങ്ങളിൽ ആയി മരങ്ങളും തൂങ്ങി നിൽക്കുന്ന വൃക്ഷപടർപ്പുകളും വള്ളികളും. ഇരിക്കാനായി ചെറിയ സിമന്റ് ബെഞ്ചുകളും കുടിവെള്ളത്തിന് പൈപ്പുകളും ഉണ്ട്. മഴ ഇല്ലെങ്കിലും വെയിൽ ഇല്ലാത്തതിനാൽ ചൂട് തോന്നിയിരുന്നില്ല.
18835822_1120895194683182_913893521375183071_n
സ്റ്റേഷനുകൾ ഗ്രാമപ്രദേശത്തെ ബസ് സ്റ്റോപ്പുകൾ പോലെ തോന്നിച്ചു. ട്രെയിൻ നോക്കി നിൽക്കുന്ന സാധാരണക്കാർ, സ്കൂൾകുട്ടികൾ. ബഹളം കൂട്ടി ട്രെയിൻ കേറിയവർ തൊട്ടടുത്ത സ്റ്റേഷനുകളിൽ ഇറങ്ങിപ്പോയിക്കൊണ്ടിരുന്നു. കുറച്ച് നേരം വാതിൽപ്പടിയിൽ പോയി നിന്നു. നല്ല രസമുണ്ട് ഇത്തിരി പേടിയും. നിലംമ്പൂർ അടുക്കാറായപ്പോളേക്കും ചെറുതായി ചൂട് അനുഭവപെട്ടു തുടങ്ങി. നിലംമ്പൂർ റോഡ് എന്നു ബോർഡ് കണ്ടു.
രാവിലെ എത്തിയ രാജ്യറാണി എക്സ്പ്രസ് അവിടെ തളർന്നു വിശ്രമിക്കുന്നുണ്ട്. ട്രെയിനിൽ നിന്നും ആളുകൾ ഇറങ്ങുന്നതിന്റെ ബഹളം. ഇറങ്ങി നേരെ നടന്നു പ്ലാറ്റ്ഫോം അവസാനിക്കുന്നിടത് പോയി നിന്നു. ട്രെയിൻ എൻജിൻ ഊരി ഓടിച്ചു പോകുന്നത് നോക്കി നിന്നു. ചൂട് അസഹനീയം. സമയം 1.30. വല്ലതും കഴിക്കണേൽ നിലംമ്പൂർ ടൌൺ വരെ പോകണം. കുറച് സമയം മാത്രം. 2.50 നു ട്രെയിൻ തിരിച്ചു പോകും. ഓട്ടോ പിടിച്ച് ടൌൺ വരെ പോയി. ഹോട്ടലുകൾ എല്ലാം നോമ്പ് പ്രമാണിച്ച് അടച്ചിട്ടിരിക്കുന്നു. ചെറിയൊരു ഹോട്ടൽ കണ്ടുപിടിച്ചു. ഊണ് മാത്രമേ ഉള്ളു. കഴിക്കാതെ തിരിച്ചു ഓട്ടോ പിടിച്ചു. അങ്ങോട്ടു 30 രൂപയും തിരിച്ച് 20 രൂപയും.
സ്റ്റേഷൻ എത്തി ടിക്കറ്റ് എടുത്തു. ഒരു ബോട്ടിൽ വെള്ളവും വാങ്ങി. ട്രെയിനിൽ ആളു നിറഞ്ഞിരുന്നു. തിരക്കില്ലാത്ത കംപാർട്ട്മെന്റ് നോക്കി നടപ്പായി. ഓരോന്നിലും കേറി ഇറങ്ങി, ഫാൻ വർക് ചെയ്യുന്ന ഒരെണ്ണത്തിൽ കേറി ഇരിപ്പായി. 30 മിനിറ്റ് ഉണ്ട്. പതിയെ കണ്ണടച്ചു ഇരുന്നു. വിശപ്പും ചൂടും ക്ഷീണവും കാരണം ഉറങ്ങിപ്പോയി. ട്രെയിൻ വിട്ടിട്ടും ഉറക്കം വിട്ടില്ല. ഷൊർണ്ണൂർ എത്തിയപ്പോ ഉറക്കം മതിയാക്കി കോഫീ കുടിച്ചു. ആൾക്കാരുടെ ബഹളം. മഴ പെയ്യാൻ വെമ്പി നിൽക്കുന്നു. ജനാലയിലൂടെ നല്ല കാറ്റ്. പുറത്തോട്ട് നോക്കി ഇരുന്നു. 7.30 ആയപ്പോൾ തിരിച് ആലുവ എത്തി.
ഒരു കുഞ്ഞ് യാത്ര. 70 രൂപയ്ക്ക് നിലംമ്പൂർ പോയി വരാം. മഴ വേണം എന്നാലേ ഭംഗിയുണ്ടാവൂ!
Advertisements